പലചരക്ക് പുലി
"ചിലന്തികൾ ശരീരമില്ലാത്ത
ആത്മാക്കളാണ്"
ഓണം കഴിഞ്ഞു; സീസണിലെ പണിക്കുള്ള കാശുംവാങ്ങി ചായമെല്ലാം നല്ല സ്ക്രബ്ബറിട്ട് തേച്ചൊരച്ച് കളഞ്ഞിട്ട് പുലിക്കാരെല്ലാം വീട്ടിൽപോയി. പക്ഷേ, പുലികളെവിടെപ്പോയെന്ന് എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ?
എങ്ങും പോയിട്ടില്ല, അവരിവിടെയൊക്കെത്തന്നുണ്ട്, ഒന്ന് സൂക്ഷിച്ച് നോക്കിയാ മതി. മടിയുടെ അതിപ്രസരം മൂലം ഒന്ന് രണ്ട് ദിവസം തേച്ചൊരച്ച്കളഞ്ഞ വെള്ളത്തിൽ മഞ്ഞച്ചായത്തിൻ്റെകൂടെ പറ്റിപറ്റിക്കിടക്കും, പിന്നെ വെള്ളമൊണങ്ങുമ്പോഴേക്കും മതിലിലും പായലിലുമൊക്കെയായ് ഒന്നുരണ്ട് ദിവസം.
കാട്ടിലേക്കുള്ള തിരിച്ചുപോക്ക് പതിവില്ല. മനുഷ്യസഹവാസം മൂലം അസൻമാർഗികളായിത്തീർന്ന പുലികളെ മൂത്ത കാട്ടുപുലിപ്പ്രേതങ്ങൾ കൂർത്ത പല്ലും നഖങ്ങളും കാണിച്ച് പേടിപ്പിച്ച് തിരിച്ചോടിച്ചുവിടും. രണ്ടുകാലിലോടുന്ന പച്ചയും നീലയും പുലികൾക്ക് നാടഭയം കൊടുക്കും; ആരും കാണാതെ ഇഴഞ്ഞ്നീങ്ങാൻ സ്വന്തം രക്തക്കുഴലുകളും പറ്റിപ്പിടിക്കാനും തൂങ്ങിക്കിടക്കാനും ആസ്ഥികളും കൊടുക്കും.
വിശപ്പധികമാവുമ്പൊ പയ്യെ ജനവാസസ്ഥലങ്ങളിലോട്ടിറങ്ങും, ഒരിച്ചിരി ചായയോ ഒരു കഷ്ണം പഴമ്പൊരിയോ കിട്ടിയാ മതി.
സൂക്ഷിച്ച് നോക്കിയാ നിങ്ങൾക്കും കാണാം, ചായക്കടയിലെ പുട്ടുകുറ്റിയുടെ ആവിയിലും, പലചരക്കുകടയുടെ പിന്നാമ്പുറത്ത് പഴുപ്പിക്കാനിട്ടിരിക്കുന്ന കുലകളുടെ ചൂടിലും ഇരുട്ടിലുമൊക്കെയിരുന്ന് ആവർ തുറിച്ചുനോക്കുന്നുണ്ട്; കേക്കുന്നുണ്ട്.
നമ്മളും നമ്മുടെ കഥകളുമൊക്കെ മരിച്ച്കഴിഞ്ഞിട്ട്, ഈ നാടിൻ്റെ അസ്ഥികളിലും ഉത്തരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കലകളുടെയും കോലങ്ങളുടെയും പ്രേതങ്ങളെ നോക്കി ഭാവിക്കാർ പറയും, ഇതാരുടെ നാടായിരുന്നുവെന്ന്.
എങ്ങനെയൊക്കെ ഓടിയൊളിച്ചാലും നിങ്ങളുടെ നാടിൻ്റെ പ്രേതങ്ങൾ നിങ്ങടെ കൂടെത്തന്നെ കാണും.
![]() |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ