വിശ്വവിഖ്യാത തോക്കുകാരൻ

 വിഷയത്തിൽ കണ്ണുതള്ളിപ്പോകും വിധം ചിന്തക്ക് തീറ്റകൊടുത്തതുകൊണ്ടോ എന്തോ, അവളുടെ മനസ്സിൽ കാലത്തെക്കുറിച്ച് കൂറ്റൻ അഭിപ്രായങ്ങളുണ്ട്. കാലം ഒരു തോക്കുകാരനാണ്; കുറച്ച് മീശയൊക്കെയുണ്ടെന്ന് കൂട്ടിക്കോ. അങ്ങേര് പക്ഷേ വെടിവെക്കത്തില്ല, ആ പണി നാട്ടുകാരെക്കൊണ്ട് ചെയ്യിക്കലാണ് പുള്ളീടെ പണി.


ഉണ്ടനിറച്ച് തോക്ക് കൈയ്യിലോട്ട് തരും, എന്നിട്ട് മുമ്പില് പുകക്കകത്തോട്ട് ചൂണ്ടിക്കാണിക്കും. ഒന്നും മിണ്ടൂല, ചോദിച്ചാലും. ചുറ്റും പുകയിട്ടിരിക്കുകയാ. നടുക്കത്തെ ചെറിയ വട്ടത്തിൽ നിന്ന് നമുക്ക് തീരുമാനിക്കാം, കാഞ്ചി വലിക്കണോ വേണ്ടയോന്ന്. തീരുമാനമെല്ലാം എടുത്തുകഴിഞ്ഞേ കാണിക്കൂ മുമ്പിൽ ആളാണോ അതോ തിന്നാൻ നിക്കുന്ന പ്രേതമാണോന്ന്. മനുഷൃനെയാണ് കൊല്ലാതെ വിട്ടതെങ്കിൽതന്നെ മീശക്കാരൻ മിണ്ടത്തില്ലല്ലോ, ഇത് പാൽക്കാരനാണോ അതോ കത്തീംകൊണ്ട് കുത്താൻ നിക്കുന്നവനാണോന്നറിയാൻ.


വല്ലപ്പോഴും പുകയുടെ ഇടയിലൂടെ കാണുന്ന മിന്നായങ്ങളൊഴിച്ചാൽ ഈ കളിക്ക് പ്രത്യേകിച്ച് തന്ത്രമൊന്നുമില്ലെങ്കിലും കളിക്കുന്ന മനുഷ്യൻ താൻ അതിബുദ്ധിമാനാണെന്നും, തൻ്റെ കൈയ്യിലുള്ള, മറ്റാർക്കുമറിയാത്ത സൂത്രങ്ങളുപയോഗിച്ചാണു താൻ ജയിച്ചുപോരുന്നതെന്നും വിശ്വസിച്ചു.


ഒരിക്കൽ ഒരുകൂട്ടർ കുറച്ചുപേരെ വിളിച്ചുകൂട്ടി. ഓരോരുത്തരെയായി ഒരു മുറിയിൽ കയറ്റി വാതിലടച്ചു. മുറിയിൽ ആളും ഒരു ബട്ടണും ഒരു ബൾബും മാത്രം. ബൾബ് കത്തിക്കുകയാണുദ്ദേശം. കുറച്ചുനേരത്തിനകം പലരും നീണ്ട ചടങ്ങുകൾ തന്നെ കണ്ടെത്തി, ബൾബൊന്ന് കത്തിക്കാൻ. രണ്ട് മിനിറ്റ് നിലത്തിരുന്ന ശേഷം നാലുതവണ ബട്ടൺ അമർത്തി, വീണ്ടും ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് ഒന്നുകൂടി ബട്ടൺ അമർത്തിയാൽ ലൈറ്റ് കത്തും. എന്നാൽ, ഇപ്പുറമിരുന്ന് നോക്കുന്ന വെള്ളക്കോട്ടുകാർക്കല്ലേ അറിയൂ ആ ബൾബുകത്തുന്നതും മറ്റുള്ള പ്രപഞ്ചപ്രവർത്തനങ്ങളും തമ്മിൽ വല്യ ബന്ധമൊന്നുമില്ലെന്ന്. അവർക്കും കനപ്പെട്ട മീശയുണ്ടായിരുന്നുവോ ആവോ.


ഈ തോക്കുകാരനെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നേരിട്ട് കണ്ട് ചോദിച്ചിട്ട് തന്നെ കാര്യം. അവൾ തീരുമാനിച്ചു. പക്ഷേ, ഈ കാലത്തിനെ എവിടെപ്പോയി പിടിക്കും? എവിടെയാണ് കാലം? അല്ലാ, എവിടെയാണ് കാലം ഇല്ലാത്തത്? എല്ലായിടത്തും ഉണ്ടെങ്കിൽ ഇവിടെയും കാണുമല്ലോ.


നേരെ പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം കണ്ടത് ഒരു മരമാണ്. ഭംഗികൊണ്ടോ അഭംഗികൊണ്ടോ പ്രശസ്തി നേടാൻ കൊള്ളാത്ത ഒരു മരം. അങ്ങോട്ടുതിരിഞ്ഞുനിന്നുതന്നെ അവൾ മീശക്കാരനോടായി ചോദിച്ചു, നിങ്ങളിതെന്ത് പണിയാണീ കാണിക്കുന്നത്? 

മരത്തിൽ നിന്നുതന്നെ മീശക്കാരൻ ഇറങ്ങിവന്നു, ആൾക്ക് മീശയില്ലായിരുന്നെന്നു മാത്രം.

മ്, എന്താ എൻ്റെ പണിക്കിപ്പം കൊഴപ്പം?

അല്ലാ, നിങ്ങൾ ആൾക്കാർക്ക് തീരുമാനമെടുക്കാനുള്ള അവസരം കൊടുക്കുന്നു. പക്ഷേ ആ തീരുമാനമെടുക്കാനറിയേണ്ടത് മുഴുവൻ കാണാൻ സമ്മതിക്കുന്നില്ല. അതുപോലെ, എടുക്കുന്ന തീരുമാനം ഉണ്ടാക്കാൻ പോകുന്ന ഫലമെന്താണെന്നും കാണാൻ സമ്മതിക്കുന്നില്ല. ഭൂതവും ഭാവിയും സ്വന്തം കൈയിൽ വച്ചിട്ട് വർത്തമാനത്തിൽ തീരുമാനമെടുക്കാൻ പറയുന്നത് വിശപ്പും വയറുനിറയുന്നതിൻ്റെ സന്തോഷവും എടുത്തുമാറ്റിയിട്ട് നല്ല ഭക്ഷണം കഴിക്കാൻ കൊടുക്കുന്നത് പോലെയല്ലേ.

അങ്ങേരൊന്നും മിണ്ടീല; അല്ല, അതാണല്ലോ പുള്ളീടെ പതിവ്. എങ്ങാണ്ടൂന്നോ മൂന്ന് ചീട്ടെടുത്ത് അവളുടെ മുമ്പിലേക്ക് നീട്ടി. ഇന്നാ, നീ പറഞ്ഞ ഭൂതോം ഭാവീം വർത്തമാനോം. ഒരെണ്ണമെടുത്തോ.

ഇതിപ്പൊ എന്തുചെയ്യാനാന്നോർത്ത് അവൾ നിന്നു.

ഇങ്ങേ അറ്റത്തേതെടുത്താൽ നിനക്കെൻ്റെകൂടെയിരുന്ന് നീ എടുക്കാൻ പോകുന്ന ഓരോ തീരുമാനത്തിലേക്കും എത്തിച്ച കാരണങ്ങൾ കാണാം.

അങ്ങേ അറ്റത്തെ ചീട്ടെടുത്താൽ നീ എടുക്കാൻപൊകുന്ന തീരുമാനങ്ങളുടെയെല്ലാം അനന്തരഫലങ്ങൾ കാണാം.

നടുക്കത്തെ ചീട്ടെടുത്താൽ കളി എളുപ്പമാ, ഒത്തിരി വിവരണമൊന്നുമില്ലെങ്കിലും നിന്റെ തോക്കിൻ്റെ കാഞ്ചി വേറൊരാൾ വലിക്കുന്നത് നോക്കിനിക്കാതെ നിന്റെ തീരുമാനങ്ങൾ നിനക്കെടുക്കാം.


നടുക്കത്തെ ചീട്ടുംകൊണ്ട് തിരിഞ്ഞുനടക്കുമ്പോഴും, അവളുടെ മനസ്സിൽ സംശയം മാറീല്ല; ഇത് ഞാൻ തീരുമാനിച്ചതോ, അതോ അങ്ങേരെന്നെ കളിപ്പിച്ചതോ? പുള്ളിക്കിതാണല്ലോ പണി...





വിശ്വവിഖ്യാത തോക്കുകാരൻ; കേൾക്കാൻ ഞെക്കുക

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌