ഉറുമ്പുകൾ സൂക്ഷിക്കുന്ന രഹസ്യം


The very deep did rot, O Christ,

that ever this should be!

Yea slimy things did crawl

with legs upon the slimy sea

Water water everywhere

all the boards did shrink

Water water everywhere

nor a drop to drink

  • Samuel Taylor Coleridge


നല്ല കറുത്ത് കരിപുരണ്ട ഇരുട്ടിലൂടെ കൊഴുത്ത കഞ്ഞിവെള്ളത്തിലെ പാടകൾ പോലെ നിഴലുകൾ തിങ്ങിനീങ്ങി. വീടും കുടീം ഇല്ലാത്തവരുടെ നിഴലുകൾ. ആശ്വാസമാണ്; മരം തുറന്നിട്ടുണ്ടെന്ന് കണ്ണികളിലാരോ പറഞ്ഞറിഞ്ഞു... മരം.


മരമെന്ന് വച്ചാൽ അങ്ങനെ ഭയങ്കര സംഭവമൊന്നുമല്ല. ദൂരക്കാഴ്ചയിൽ കണ്ണിൽപെടാനിടയില്ലാത്ത, പൊക്കം കുറഞ്ഞ, എന്നാൽ നാലാൾ പിടിച്ചാലെത്താത്തത്ര വീതിയുള്ളൊരെണ്ണം. കള്ളും കഞ്ചാവുമടിച്ച് റോട്ടിൽ മലന്നടിച്ചുകിടക്കുന്നതുങ്ങളൊഴിച്ചാൽ നഗരത്തിന്റെ ഉറുമ്പുംകൂട്ടം ഒട്ടുമുക്കാലും ഇരച്ചുകൂടിയിട്ടുണ്ട്.


മരം തുറന്നിട്ടുണ്ടെന്ന് വച്ചാൽ, ആ കുറിയ മരത്തിന്റെ ഇടപിണഞ്ഞ വേരുകൾ മാറ്റി, അതിനിടയിലൂടെ തമോഗർത്തം പോലെ കറുത്തുരുണ്ട ഒരു വസ്തു തലപൊക്കിയിട്ടുണ്ടെന്നാണ്. കഴിഞ്ഞ മഴയ്ക്കു ശേഷം ഇതാദ്യമാണ്. ആ വസ്തു എന്തെന്നോ ഏതെന്നോ പ്രപഞ്ചശാസ്ത്രജ്ഞർക്ക് പറയാൻ സാധിച്ചേക്കും; എന്നാൽ ഉറുമ്പുകളുടെ രഹസ്യങ്ങൾ ഉറുമ്പുകളുടെ ഭാഷ സംസാരിക്കാനറിയാത്തവർക്ക് കേൾക്കാൻ കഴിയാതെപോയി.


വന്നവരെല്ലാം അരിച്ചുകൂടി. മരം അനങ്ങാതെ നിന്നു. അതിന്റെ വേരുകളും. വന്നവരെല്ലാം കണ്ണുംതള്ളി കുറച്ചുനേരം പ്രേതബാധിതരെപ്പോലെ നിന്നശേഷം, ഓരോന്ന് പുലമ്പിക്കൊണ്ട് ഒന്നൊന്നായി മടങ്ങാൻ തുടങ്ങി; മുന്നറിയിപ്പുകൾ.


താടിയും മുടിയും നീട്ടി വളർത്തിയ, നല്ല ഒന്നാന്തരമൊരു പ്രാന്തൻ തെരുവുവെളിച്ചങ്ങൾക്ക് കീഴിലൂടെ ഒഴിഞ്ഞ ഹൈവേയുടെ അരുകിലെ തട്ടുകടക്കു നേർക്ക് നടന്നു. അയാൾക്കിന്ന് കിട്ടിയത് സാമുവൽ ടെയ്‌ലർ കോളറിഡ്ജാണ്.

 ”ഈ ആഴങ്ങൾ ചീഞ്ഞിടത്ത്,

ഭീകരജന്തുക്കൾ ഈ ഭീകരമാം

കടലിൻമേൽ വലിഞ്ഞുകയറുന്നു. ”,

 അയാൾ പുലമ്പി. ആർക്കോ എവിടെയോ സംഭവിക്കാൻ പോകുന്നതിൻ്റെ മുന്നറിയിപ്പുകൾ. അത് എത്തേണ്ടിടത്ത് എത്തുന്നതുവരെ അയാൾ പ്രപഞ്ചത്തിൻ്റെ കാലാളാണ്. അതുവരെ അയാൾക്ക് വിശപ്പറിയില്ല, ദാഹമറിയില്ല, ക്ഷീണമറിയില്ല; ഒരു ലഹരിയാണ്. അതുകൊണ്ടുതന്നെ മരച്ചോട്ടിലെ ഇരുട്ടിലെന്നും തിരക്കാണ്. പാവപ്പെട്ടവൻ്റെ വിശപ്പടക്കാൻ പ്രകൃതി കള്ളും കണ്ണീരും കൊടുത്തപ്പൊ പ്രപഞ്ചം പ്രതികരിച്ചതിങ്ങനെ.


അയാൾ ആ തട്ടുകടയിൽ കയറിച്ചെന്ന് ഡ്യൂട്ടി ബ്രേക്കിന് തട്ടുദോശ കഴിച്ചോണ്ടിരുന്ന പോലീസുകാരന് കടലിലെ ഭീകരജന്തുക്കളുടെ വരവിന്റെ മുന്നറിയിപ്പ് നൽകി. കടക്കാരു ചേർന്ന് അയാളെ ഓടിച്ചുവിട്ടെങ്കിലും, ഭ്രാന്തൻ്റെ വാക്കുകൾക്ക് തൻ്റെ കേസുമായി എവിടെയോ ബന്ധമില്ലേ എന്ന ചിന്ത പോലീസുകാരൻ്റെ ഉറക്കം കെടുത്തി. അല്ലെങ്കിൽ അയാളെന്തിനാ എന്നോട് മാത്രം?...


അറിവിന്റെ ആഴക്കടൽ തേടി നാം ആകാശത്തേക്ക് നോക്കുമ്പോൾ, പ്രപഞ്ചം ഭൂമിയിലെ ഉറുമ്പുകൾ വഴി പ്രവർത്തിക്കുന്നു.




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌